വെറും അഞ്ചു ലക്ഷം രൂപയ്ക്ക് ഒരു അഡാര്‍ വീട്!

വെറും 23 ദിവസത്തിനുള്ളില്‍ നല്ല കിടിലന്‍ ഒരു വീടാണ് ശങ്കറും കൂട്ടരും നിര്‍മ്മിച്ചിരിക്കുന്നത്.

475

നാടിനെ തകര്‍ത്തെറിഞ്ഞ മഹാപ്രളയത്തില്‍ നിന്നും കരകയറാനുള്ള പരിശ്രമത്തിലാണ് കേരളം. പ്രളയത്തെ അതിജീവിക്കാന്‍ കഴിയുന്ന അഞ്ചു ലക്ഷം രൂപയുടെ വീടുമായി ആര്‍ക്കിടെക്ട് ജി ശങ്കര്‍ രംഗത്ത് വന്നിരിക്കുകയാണ്. വെറും 23 ദിവസത്തിനുള്ളില്‍ നല്ല കിടിലന്‍ ഒരു വീടാണ് ശങ്കറും കൂട്ടരും നിര്‍മ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം ജഗതി ഡിപിഐ ജംക്ഷനില്‍ പോലീസ് ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ ഒരു സെന്റ് സ്ഥലത്താണു ശങ്കറിന്റെ നേതൃത്വത്തിലുള്ള ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ ഈ നിര്‍മ്മിതി. ചുരുങ്ങിയ സമയം കൊണ്ട് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയും ചെയ്തു.

മൂന്നു നിലകളായാണ് 495 ചതുരശ്ര അടിയുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. സംസ്‌കരിച്ച മുളയും ഓടും ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ക്രീറ്റ് തൂണുകളിലാണു വീട് പടുത്തുയര്‍ത്തിയിരിക്കുന്നത്. ആറടിയോളം ഉയരമുള്ള താഴത്തെ നില ഒഴിച്ചിട്ടിരിക്കുകയാണ്. ആവശ്യാനുസരണം ഈ ഭാഗം പാര്‍ക്കിംഗിനോ തൊഴുത്തായോ പഠനമുറിയായോ മാറ്റിയെടുക്കാം. ഒന്നാം നിലയില്‍ സ്വീകരണമുറിയും അടുക്കളയും കിടപ്പുമുറിയും ശുചിമുറിയും. രണ്ടാംനിലയില്‍ ഒരു കിടപ്പുമുറി. വീട്ടുകാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ ഈ മുറി വലുതാക്കുകയോ രണ്ടു മുറികള്‍ കൂടി നിര്‍മിക്കുകയോ ചെയ്യാവുന്ന രീതിയില്‍ ടെറസ് ഒഴിച്ചിട്ടിരിക്കുന്നു. ദുരന്തസമയത്തു രക്ഷാപ്രവര്‍ത്തനത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണിത്.

മണ്ണ് കൊണ്ടുണ്ടാക്കിയ ഇന്റര്‍ലോക്ക് ഇഷ്ടികകള്‍ കൊണ്ടാണു ഭിത്തികള്‍. വെള്ളം കെട്ടിനിന്നു ചുമരുകള്‍ക്കു കേടുപാടുണ്ടാകാതിരിക്കാന്‍ പത്തടി ഉയരത്തില്‍ വരെ സിമന്റ് ഉപയോഗിച്ചു പ്ലാസ്റ്റര്‍ ചെയ്തു. പഴയ ഓട്, ചിരട്ട, സംസ്‌കരിച്ച മുള എന്നിവയാണ് വാര്‍ക്കാന്‍ ഉപയോഗിച്ചത്. ചെലവ് കുറയ്ക്കാനായി തറയോടിനു പകരം സെറമിക് ടൈലുകള്‍. പെയിന്റിങ് ഉള്‍പ്പെടെ ഇതുവരെ ചെലവായത് 4.75 ലക്ഷം രൂപ. സുനാമിയും ഭൂകമ്പവും ഉള്‍പ്പെടെയുള്ള ദുരന്തമേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണു വീടിന്റെ രൂപകല്‍പന നിര്‍വഹിച്ചതെന്നു ശങ്കര്‍ പറഞ്ഞു. പ്രളയത്തിനുശേഷം ഈ മാസം ഏഴിനാണു വീടിന്റെ പണി തുടങ്ങിയത്. ചെലവു കുറവാണെങ്കിലും മറ്റേതു വീടിനെയും പോലെയുള്ള ആയുസ്സ് ഈ വീടിനുണ്ടാകുമെന്നും ശങ്കര്‍ ഉറപ്പു നല്‍കുന്നു.

Your Comments