റഫേൽ: റിലയൻസിനെ ഉൾപ്പെടുത്തണമെന്നത്‌ വ്യവസ്ഥ

ഫ്രഞ്ച് മാധ്യമമായ ‘മീഡിയപാർട്ട്’ ആണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.

2360

റഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനെയും വെട്ടിലാക്കി പുതിയ വെളിപ്പെടുത്തൽ. റഫേൽ യുദ്ധവിമാനങ്ങൾ നിർമിച്ചു നൽകാനുള്ള കരാറിൽ ഇന്ത്യയിലെ പങ്കാളിയായി റിലയൻസ് ഡിഫൻസിനെ നിയോഗിച്ചത് കേന്ദ്ര സർക്കാരിന്റെ ‘നിർബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായിരുന്നെന്നാണ്‌ ഫ്രഞ്ച് മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തൽ.

ഫ്രഞ്ച് മാധ്യമമായ ‘മീഡിയപാർട്ട്’ ആണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. റഫേൽ വിമാന നിർമാതാക്കളായ ഫ്രഞ്ച്‌ കമ്പനി ഡാസോ ഏവിയേഷന്റെ രേഖകൾ ഉദ്ധരിച്ചാണ്‌ റിപ്പോർട്ട്‌. പ്രതിരോധമന്ത്രി നിർമല സീതാരാമൻ ത്രിദിന സന്ദർശനത്തിനായി ഫ്രാൻസിലേക്കു പോകാനിരിക്കെയാണ്‌ വിവരം പുറത്തുവന്നിരിക്കുന്നത്. 58,000 കോടി രൂപയ്ക്ക് 36 റഫേൽ വിമാനങ്ങൾ വാങ്ങാനായിരുന്നു കരാർ.

റഫേൽ ഇടപാടു ലഭിക്കണമെങ്കിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസിനെ ഇന്ത്യൻ പങ്കാളിയായി പരിഗണിക്കണമെന്നതു ‘നിർബന്ധിതവും അടിയന്തരവുമായ’ വ്യവസ്ഥയായി ഉൾപ്പെടുത്തിയിരുന്നു എന്നാണ്‌ മീഡിയപാർട്ട് പറയുന്നത്. റിലയൻസിനെ പങ്കാളിയാക്കണമെന്നത്‌ ഇന്ത്യയുടെ നിർദേശമായിരുന്നെന്ന്‌ കരാർ ഒപ്പിട്ട മുൻ ഫ്രഞ്ച്‌ പ്രസിഡന്റ്‌ ഫ്രാൻസ്വാ ഓളന്ദിന്റെ വെളിപ്പെടുത്തലും മീഡിയാപാറട്ട്‌ നേരത്തേ പുറത്തുവിട്ടിരുന്നു.

റഫേൽ ഇടപാടിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്നു കേന്ദ്രസർക്കാരിനോടു സുപ്രീംകോടതി നിർദേശിച്ചതിനു പിന്നാലെയാണ്‌ കേന്ദ്ര സർക്കാരിന്‌ തലവേദനയായി ഫ്രഞ്ച്‌ മാധ്യമത്തിന്റെ പുതിയ വെളിപ്പെടുത്തൽ.

Your Comments