‘നവരാത്രി ദിവസങ്ങളില്‍ മാംസ വില്‍പ്പന അനുവദിക്കില്ല’

കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുന്ന നടപടിയെ തടയുമെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

2036

നവരാത്രി ദിവസങ്ങളിൽ നഗരത്തിൽ മാംസവില്പന അനുവദിക്കില്ലെന്ന ഭീഷണിയുമായി ഹൈന്ദവ സംഘടനകൾ. ശിവസേന ഉൾപ്പെടെയുള്ള 22 ഓളം ഹൈന്ദവ സംഘടനകളാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ മാംസം വില്പനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

ഒക്ടോബർ 10 മുതൽ 18 വരെ നടക്കുന്ന നവരാത്രി ആഘോഷ ദിവസങ്ങളിൽ ഏതെങ്കിലും മാംസക്കടകൾ തുറന്നിരിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് പൂട്ടിക്കുമെന്നാണ് ഭീഷണി.

വില്‍പ്പനയില്ലെന്ന് ഉറപ്പാക്കാനായി 125 അംഗങ്ങളെ നിയമിച്ചിട്ടുണ്ട്. ഇവർ നഗരത്തിലെ ഓരോ മാംസക്കടകളിലും എത്തി കടകൾ അടയ്ക്കുവാൻ ആവശ്യപ്പെടും.അതിന്റെ പേരിൽ എന്തു സംഭവിച്ചാലും അക്കാര്യം നോക്കിക്കൊള്ളാമെന്നും ശിവസേന ജില്ലാ പ്രസിഡന്റ് ഗൗതം സേനി പറഞ്ഞു.

ഇത് വ്യക്തമാക്കുന്ന കത്ത് ശിവസേന ജില്ലാ ഭരണകൂടത്തിന് കൈമാറിയിട്ടുണ്ടെന്നും ഗൗതം വ്യക്തമാക്കി. അതേസമയം നവരാത്രി ഉൾപ്പെടെയുള്ള ആഘോഷ ദിവസങ്ങളില്‍ കട അടച്ചിട്ടാൽ വലിയ നഷ്ടമാണ് ഉണ്ടാവുകയെന്ന് കച്ചവടക്കാര്‍ പറയുന്നു.

അതിനാൽ ഈ ദിവസങ്ങളിൽ കച്ചവടത്തിന് പോലീസ് സുരക്ഷയും വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ നിർബന്ധപൂർവ്വം അടപ്പിക്കുന്ന നടപടിയെ തടയുമെന്നും അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ സുമിത് കുമാർ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡെൽഹിയിൽ അ‍ഞ്ഞൂറോളം കടകൾ ശിവസേന പ്രവർത്തകരും ഡല്‍ഹി ഗുര്‍ഗോണ്‍ എക്‌സ്പ്രസ്‍വെയിൽ 300ഓളം കടകൾ ചില ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരും ചേർന്ന് പൂട്ടിച്ചിരുന്നു.

Your Comments