തിത്‌ലി ഒഡിഷ തീരത്തെത്തി,​ കനത്ത മഴ

അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

2401

ബംഗാൾ ഉൾക്കടലിനു മുകളിൽ ഉദ്ഭവിച്ച അതിശക്തമായ ചുഴലിക്കൊടുങ്കാറ്റ് തിത്‌ലി തീരം തൊട്ടതോടെ ഒഡിഷയിൽ കനത്ത മഴ.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് കാറ്റ് തീരം തൊട്ടത്. മണിക്കൂറിൽ 126 കിലോമീറ്റർ വേഗത്തിലാണ് ഇപ്പോൾ കാറ്റ് വീശുന്നത്. കാറ്റിനെ തുടർന്ന് ഗഞ്ജം, ഗജപതി, പുരി, ഖുർദ, ജഗദ്സിങ്പുർ എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.

തീരപ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു. പലയിടങ്ങളിലും റെയിൽ- റോഡ ഗതാഗതം താറുമാറായി. വ്യോമഗതാഗതവും തടസപ്പെട്ടു. ഗോപാൽപൂർ, ആന്ധ്രപ്രദേശിലെ കലിങ്കപട്ടണം എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അടുത്ത 18 മണിക്കൂറിനകം കാറ്റിന് ഇനിയും ശക്തിയേറും. തുടർന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങി പശ്ചിമബംഗാൾ തീരത്തേക്ക് കടന്ന് കാറ്റിന്റെ വേഗത കുറയാനാണ് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് ബാധിക്കാൻ സാദ്ധ്യതയുള്ള മേഖലകളിലെല്ലാം ആവശ്യത്തിന് മുൻകരുതലുകൾ എടുത്തിട്ടുണ്ട്. മുന്നൂറോളം മോട്ടോർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കി. രണ്ട് ദിവസം മഴ തുടർന്നാൽ വെള്ളപ്പൊക്കവും ഉണ്ടായേക്കാം. സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. മൂന്ന് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തിരമാലകൾ ഒരു മീറ്റർ ഉയരത്തിൽ വരെ അടിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

Your Comments