ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

ബിഷപ്പിന്റെ ലൈംഗിക ശേഷി അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഫലം പോസിറ്റീവാണ്.

300

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം. വിദേശത്തേക്ക് കടക്കുന്നത് ഒഴിവാക്കാനാണിത്. രണ്ടാഴ്ചയിലൊരിക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി 13 തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. ദിവസങ്ങളോളം ചോദ്യം ചെയ്ത ശേഷമാണ് ജലന്ധര്‍ ബിഷപ്പിനെ പോലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തതും ജയിലിലടച്ചതും.

രണ്ടാംതവണയാണ് ബിഷപ്പ് ഹൈക്കോടതിയെ ജാമ്യം തേടി സമീപിച്ചത്. സര്‍ക്കാര്‍ എതിര്‍പ്പ് അവഗണിച്ചാണ് ബിഷപ്പിന് കോടതി ജാമ്യം നല്‍കിയത്. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും കേസില്‍ രണ്ടുപേരുടെ കൂടി രഹസ്യമൊഴി എടുക്കാനുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ബിഷപ്പിനെ കഴിഞ്ഞമാസം 21നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം നീണ്ട ചോദ്യ ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കോടതി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരുന്നു. തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ബിഷപ്പ് കോടതിയെ ബോധിപ്പിച്ചിരുന്നു.

അറസ്റ്റിലായ വേളയില്‍ താന്‍ ധരിച്ചിരുന്ന വസ്ത്രം ബലമായി വാങ്ങിയത് വ്യാജ തെളിവുണ്ടാക്കാന്‍ വേണ്ടിയാണെന്നും ബിഷപ്പ് സംശയം പ്രകടിപ്പിക്കുന്നു. ബിഷപ്പിനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ചിലര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി നിരസിക്കുകയായിരുന്നു. ബിഷപ്പിന്റെ ലൈംഗിക ശേഷി അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഫലം പോസിറ്റീവാണ്. പരിശോധനാ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് അധികൃതര്‍ പോലീസിന് കൈമാറി.

Your Comments