ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ മെത്രാൻമാർ ജയിലിൽ

ഫ്രാങ്കോ മുളയ്ക്കൽ തെറ്റ്കാരനാണെന്ന് ആരും അനാവശ്യം പറയരുതെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും മെത്രാൻ പറഞ്ഞു.

192

ബലാത്സംഗക്കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോമുളയ്ക്കലിനെ സന്ദർശിക്കാൻ ജയിലിൽ മെത്രാൻമാരുടെ സംഘമെത്തി. പാലാ സബജയിലെത്തിയാണ് മെത്രാൻമാർ ബിഷപ്പിനെ കണ്ടത്. പ്രാർത്ഥനാ സഹായത്തിനായാണ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാനെത്തിയതെന്ന് മെത്രാൻമാർ പറഞ്ഞു.

ബിഷപ്പിനെതിരെ പീഡനപരാതി നൽകിയിട്ടും കന്യാസ്ത്രീയുടെ വാദങ്ങളെ തള്ളിക്കളയുകയും ബിഷപ്പിനെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സഭ കൈക്കൊള്ളുന്നതെന്ന് കന്യാസ്ത്രീമാർ തന്നെ ആരോപണം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മെത്രാൻമാരുടെ സംഘം ജയിലിലെത്തിയത്.

തിങ്കളാഴ്ച രാവിലെയാണ് മെത്രാൻമാർ ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചത്. കാഞ്ഞിരപ്പള്ളി രൂപതാ മെത്രൻ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, പത്തനംതിട്ട രൂപത സഹായമെത്രാൻ സാമുവൽ മാർ ഐറേനിയോസ് എന്നിവരാണ് പാലാ സബ് ജയിലിലെത്തിയത്.

ഫ്രാങ്കോ മുളയ്ക്കലിന് പൂർണ പിന്തുണയാണ് സഭ നൽകുന്നതെന്നാണ് മെത്രാൻമാരുടെ സന്ദർശനത്തോടെ ബോധ്യമായത്. ഞായറാഴ്ച ഇവർ സബ് ജയിലിൽ എത്തിയിരുന്നെങ്കിലും അവധി ദിവസമായതിനാൽ അനുമതി ലഭിച്ചിരുന്നില്ല. യേശു ക്രിസ്തുവിനെ കുരുശിൽ തറച്ചത് തെറ്റ് ചെയ്തിട്ടാണോ എന്നായിരുന്നു സന്ദർശന ശേഷം മാർ മാത്യു അറയ്ക്കലിന്റെ പ്രതികരണം.

ഫ്രാങ്കോ മുളയ്ക്കൽ തെറ്റ്കാരനാണെന്ന് ആരും അനാവശ്യം പറയരുതെന്നും കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് കോടതി തീരുമാനിക്കട്ടെയെന്നും മെത്രാൻ പറഞ്ഞു. കോടതി വിധി സ്വന്തമായി വിധിക്കാൻ ആരും നിൽക്കേണ്ട. പതിനായിരക്കണക്കിന് രക്തസാക്ഷികൾ ക്രൂശിലേറ്റപ്പെട്ടിട്ടുണ്ട്. അവരെല്ലാം തെറ്റ് ചെയ്തതവരാണോയെന്നും മാർ മാത്യു അറയ്ക്കൽ ചോദിച്ചു.

Your Comments